This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള സംഗീത നാടക അക്കാദമി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള സംഗീത നാടക അക്കാദമി

സംഗീതനാടകാദികലകളുടെ അഭിവൃദ്ധിക്കുവേണ്ടി കേരള ഗവണ്‍മെന്റിനു കീഴില്‍ നിലവില്‍ വന്ന സ്ഥാപനം. സംഗീതം, നൃത്തം, നാടകം, ക്ഷേത്രകലകള്‍, അനുഷ്ഠാനകലകള്‍, മാജിക്, കഥാപ്രസംഗം എന്നീ കലകളുടെ പരിപോഷണത്തിനും പ്രചാരണത്തിനും പ്രസ്തുത കലകള്‍ അവതരിപ്പിക്കുന്ന കലാകാരന്മാരുടെ ക്ഷേമത്തിനും വേണ്ടിയാണ് കേരള സംഗീതനാടക അക്കാദമി നിലകൊള്ളുന്നത്. തൃശൂരാണ് ആസ്ഥാനം.
കേരള സംഗീത നാടക അക്കാദമി

കേന്ദ്രസംഗീതനാടക അക്കാദമിയുമായും കേരളത്തിനകത്തും പുറത്തുമുള്ള മറ്റു കലാ സ്ഥാപനങ്ങളുമായും സഹകരിച്ച് കലാരംഗത്ത് ആവശ്യമായ സേവനങ്ങള്‍ നിര്‍വഹിക്കുക; കലാ സാംസകാരികസംഘടനകളുമായി സാങ്കേതികജ്ഞാനം കൈമാറുക; സംഗീതം, നൃത്തം, നാടകം എന്നിവയെക്കുറിച്ചുള്ള ഗവേഷണഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കുക; ലബ്ധപ്രതിഷ്ഠരായ കലാകാരന്മാര്‍ക്ക് അവാര്‍ഡുകളും ഫെലോഷിപ്പുകളും നല്‍കി ആദരിക്കുക; കലാസാംസ്കാരികരംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗ്രാന്റും അംഗീകാരവും നല്‍കുക; കലാമത്സരങ്ങള്‍, കലോത്സവങ്ങള്‍, നാടകമത്സരങ്ങള്‍, നാടകോത്സവങ്ങള്‍, സംഗീതോത്സവങ്ങള്‍ എന്നിവ സംഘടിപ്പിച്ചു കലാകാരന്മാര്‍ക്ക് പ്രോത്സാഹനം നല്കുക; നാടന്‍കലകളെ പരിപോഷിപ്പിക്കുക; വിവിധ സംസ്ഥാനങ്ങള്‍ തമ്മില്‍ സാംസ്കാരിക വിനിമയ പരിപാടിയനുസരിച്ച് സാംസ്കാരിക സംഘടനകളെ കൈമാറുക തുടങ്ങിയ ഒട്ടേറെ കാര്യങ്ങള്‍ അക്കാദമിയുടെ പ്രവര്‍ത്തനമേഖലയില്‍പ്പെടുന്നു.

വിവിധ കലാമേഖലകളിലെ പ്രാവീണ്യവും പ്രവര്‍ത്തന പരിചയവും പരിഗണിച്ച് തെരഞ്ഞെടുക്കുന്ന 21 പ്രതിനിധികള്‍ അടങ്ങുന്ന ജനറല്‍ കൌണ്‍സിലാണ് അക്കാദമിയുടെ ഭരണസമിതി. സംഗീതവിദുഷിയായ മങ്കു തമ്പുരാനായിരുന്നു അക്കാദമിയുടെ പ്രഥമ അധ്യക്ഷ. അക്കാദമിയുടെ പരിധിയില്‍പ്പെടുന്ന വിവിധ കലാരംഗങ്ങളില്‍ നിസ്തുലസേവനം കാഴ്ചവച്ചവര്‍ക്ക്, സംസ്ഥാന ബഹുമതിയായ ഫെലോഷിപ്പ്, അവാര്‍ഡ്, ഗുരുപൂജ എന്നീ പുരസ്കാരങ്ങള്‍ അക്കാദമി നല്കിവരുന്നു. സ്വാതി സംഗീതപുരസ്കാരം, സംസ്ഥാന അമേച്വര്‍ നാടകപുരസ്കാരം, പ്രൊഫഷണല്‍ നാടക അവാര്‍ഡ്, പ്രവാസി അമേച്വര്‍ നാടക അവാര്‍ഡ് എന്നിവ അക്കാദമി നല്‍കുന്ന അവാര്‍ഡുകളാണ്. അന്തര്‍ദേശീയ നാടകോത്സവം (ITFok), ഷഡ്ക്കാല ഗോവിന്ദമാരാര്‍ സംഗീതോത്സവം, കഥാപ്രസംഗ മഹോത്സവം, മാജിക് ഫെസ്റ്റിവല്‍, മോഹിനിയാട്ടത്തിനു പ്രാമുഖ്യം നല്കിക്കൊണ്ടുള്ള മോഹിനിനൃത്യതി തുടങ്ങിയ പരിപാടികളും അക്കാദമി നടത്തിവരുന്നുണ്ട്.

(കെ.കെ. സോമസുന്ദരം)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍